Tuesday, 24 May 2011

മുഹമ്മദ്‌ നബി എന്തുകൊണ്ട്‌ വെറുക്കപ്പെട്ടവനാകുന്നു?

ലോകചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട വ്യക്തി ആര്‌ എന്ന ചോദ്യത്തിന്‌ നല്‍കാന്‍ ഒരുത്തരമേയുള്ളൂ-മുഹമ്മദ്‌ നബി. താന്‍ ദൈവദൂതനാണെന്ന് മൊഴിഞ്ഞ അന്നേ ദിവസം മുതല്‍ ഇന്ന് വരെ മുഹമ്മദ്‌ നബി വിമര്‍ശിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നത്‌ ഒരു വാസ്തവമാണ്‌. സ്വന്തം പിതൃവ്യനായ അബൂലഹബില്‍ നിന്ന് തുടങ്ങി ഇന്ന് "ജില്ലന്റ്‌ പോസ്റ്റണ്‍" പോലൂള്ള ലോകമാധ്യമങ്ങള്‍ വരെ എത്തിനില്‍ക്കുന്നു വിമര്‍ശകരുടെ പട്ടിക.ജീവിതകാലത്ത്‌ നേരിട്ട ബഹിഷ്കരണങ്ങളും പരിഹാസങ്ങളും ദേഹോപദ്രവങ്ങളും മരണശേഷം കാര്‍ട്ടൂണുകളിലേക്കും പുസ്തകങ്ങളിലേക്കും പരിഷ്കരിക്കപ്പെട്ടു എന്നത്‌ മാത്രമാണ്‌ വിമര്‍ശന ശരങ്ങള്‍ക്ക്‌ വന്ന കാലോചിതമായ മാറ്റം.

എന്ത്‌ കൊണ്ട്‌ മുഹമ്മദ്‌ എന്ന വ്യക്തി അന്നും ഇന്നും എന്നും ഒരുപോലെ പലര്‍ക്കും അസ്വീകാര്യനായി തുടരുന്നു?കാലം നല്‍കുന്നത്‌ ഒരിക്കലും ഒരുത്തരമല്ല,മറിച്ച്‌ പല ഉത്തരങ്ങളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.കാലത്തിനനുസരിച്ച്‌ കോലം മാറുന്ന ഉത്തരങ്ങള്‍!ലോകത്ത്‌ മാറി മാറി വന്ന സംസ്കൃതികള്‍ക്കനുസരിച്ച്‌ വിമര്‍ശകരുടെ ഉത്തരങ്ങളും മാറുന്നു.മുഹമ്മദ്‌ നബി എന്ന വ്യക്തി പ്രബോധനം ചെയ്ത ആശയാദര്‍ശങ്ങള്‍ പലര്‍ക്കും ദഹിക്കാത്തതായിരുന്നു എന്ന് സാരം.ഇങ്ങനെയുള്ള വ്യത്യസ്തമായ ഉത്തരങ്ങള്‍ പരിശോധിച്ചാല്‍ പലരുടേയും ദേഹേച്ഛകള്‍ക്കും ദുരഭിമാനത്തിനും കച്ചവടതാല്‍പര്യങ്ങള്‍ക്കും ഇസ്ലാമികാദര്‍ശങ്ങള്‍ വഴങ്ങാത്തതിനാല്‍ ഉനായിക്കപ്പെട്ട ദുര്‍ന്യായവാദങ്ങളായിരുന്നു ഇവ എന്ന് കൃത്യമായി മനസ്സിലാക്കാം.

മുഹമ്മദ്‌ എന്ന വ്യക്തി ചരിത്രത്തില്‍ ഇത്ര മാത്രം എതിര്‍ക്കപ്പെടാനുള്ള കാരണങ്ങളെന്തൊക്കെയാണ്‌ എന്നത്‌ പരിശോധിക്കപ്പെടേണ്ടതാണ്‌.മുഹമ്മദ്‌ നബി ജനിച്ച എ.ഡി ആറാം നൂറ്റാണ്ട്‌ അറിയപ്പെടുന്നത്‌ ജാഹിലിയ്യാ(അറിവില്ലായ്മയുടെ) കാലഘട്ടമെന്നാണ്‌.അറേബ്യന്‍ ചരിത്രത്തിലെ ഇരുണ്ട യുഗം!നിസ്സാര കാര്യങ്ങള്‍ക്ക്‌ വേണ്ടി പോരടിച്ച ചരിത്രമുള്ള,മദ്യത്തില്‍ ആറാടിയ,സ്ത്രീകളെ വെറും വില്‍പ്പനച്ചരക്കുകളായിക്കണ്ട അറബികളുടെ നാട്‌.വിഗ്രഹാരാധകരുടെ വിളനിലം.ഇത്തരമൊരു ജനതയെയാണ്‌ മുഹമ്മദ്‌ എന്ന മഹാനുഭാവന്‍ 23 വര്‍ഷക്കാലം കൊണ്ട്‌ ലോകചരിത്രത്തിലെ തുല്യതയില്ലാത്ത സമൂഹമാക്കി മാറ്റിയെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌!

മുഹമ്മദ്‌ നബി ഇന്നെതിര്‍ക്കപ്പെടുന്നത്‌ പോലെ അന്നും എതിര്‍ക്കപ്പെട്ടിരുന്നു എന്നത്‌ ഏവരും മനസ്സിലാക്കേണ്ട്‌ ഒരു വസ്തുതയാണ്‌.എന്തിനായിരുന്നു അറബികള്‍ മുഹമ്മദിനെ എതിര്‍ത്തത്‌?അതൊരിക്കലും തീവ്രവാദം പ്രചരിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടല്ല!മറിച്ച്‌ ദൈവം ഏകനാണെന്നും,അവനെ മാത്രമെ ആരാധിക്കാവൂ എന്നും,താന്‍ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്നും,വിഗ്രഹാരാധന ദൈവത്തിനോടുള്ള നന്ദികേടാണെന്നും പറഞ്ഞതിനായിരുന്നു. പാപങ്ങളില്‍ നിന്നകന്നു നില്‍ക്കാനും,നന്മ ഉപദേശിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.എന്നാല്‍ പാരമ്പര്യമായി തങ്ങള്‍ക്ക്‌ കൈമാറിയ "ദൈവ"ങ്ങളെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ലോകചരിത്രത്തിലെ തുല്ല്യതയില്ലാത്ത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മനോഹരമായ ശൈലിക്കും ആശയഗാംഭീര്യത്തിനും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ഇരുളടഞ്ഞ മനസ്സുമായി ഇസ്ലാമിനെ കഴിഞ്ഞവര്‍ പലരീതിയില്‍ ഇസ്ലാമിനെ എതിര്‍ത്തു-വിശ്വാസികളെ ബഹിഷ്കരിച്ചു,പലവിധേന ദ്രോഹിച്ചു,പലരെയും വധിച്ചു,അടിമകളെ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ നെഞ്ചില്‍ കല്ല് കയറ്റിവെച്ച്‌ വലിച്ചു-ആവശ്യം ഒന്നു മാത്രം-വിഗ്രഹാരാധന അരുതെന്ന് പറയരുത്‌!എന്നല്‍ വിശുദ്ധ ഖുര്‍ആന്റെ വെല്ലുവിളി ഇന്നും അഷ്ട ദിക്കുകളിലും ഉത്തരം ചെയ്യപ്പെടാതെ മുഴങ്ങുന്നു-വിശുദ്ധ ഖുര്‍ആനിലേതിനു സമമായി ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരാമോ എന്ന്!!




Monday, 16 May 2011

ചില തിരഞ്ഞെടുപ്പ്‌ വിശേഷങ്ങള്‍

തിരഞ്ഞെടുപ്പു മാമാങ്കം കഴിഞ്ഞ്‌ ഒരു മാസം കഴിഞ്ഞാണ്‌ ഫലം വന്നത്‌. ഇത്രയും കാലത്തെ കാത്തിരിപ്പ്‌ കേരള ചരിത്രത്തില്‍ ഇതാദ്യമാണെന്ന് തോന്നുന്നു.എന്തൊക്കെയായാലും ആധി പിടിച്ച്‌ സ്ഥാനാര്‍ഥികള്‍ ചാവാറായി എന്നതാണ്‌ സത്യം.വമ്പിച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച്‌ വലതന്മാരും കടന്ന് കൂടുമെന്ന് കണക്ക്‌ കൂട്ടി ഇടതന്മാരും അക്കൌണ്ട്‌ തുറക്കുമെന്നുറപ്പിച്ച്‌ കാവിക്കാരും മനസ്സില്‍ കണ്ടപ്പോള്‍ കേരള നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍ മനസ്സില്‍ കണ്ടത്‌ മട്ടൊന്നായിരുന്നു.ഒടുവില്‍ വോട്ട്‌ പെട്ടി പൊട്ടിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. ഇടതന്മാര്‍ക്ക്‌ അടി തെറ്റി,വലതന്മാര്‍ക്ക്‌ അടി കിട്ടി ,കാവിക്കാരാകട്ടെ ഒരടി പോലും മുന്നോട്ട്‌ പോയതുമില്ല.

അച്ചുമാമന്റെ ചിറകിലേറിപ്പറന്ന ഇടതന്മാര്‍ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റോടെ തോറ്റു,വന്‍ വിജയം പ്രതീക്ഷിച്ച കോണ്‍ഗ്രസ്‌ ഇത്‌ വരെ "നോര്‍മല്‍" ആയിട്ടില്ല.മാണി സാര്‍ മൂക്കു കൊണ്ട്‌ "ക്ഷ" വരച്ചു,പിള്ള,ജേക്കബ്‌ കോണ്‍ഗ്രസുകാര്‍ മാനം കാത്തു,ഗൌരിയമ്മയും എം.വി.ആറും "യുവത്വത്തില്‍" കിട്ടിയ തോല്‍വിയില്‍ നിരാശരാണ്‌.വീരന്‌ പ്രതീക്ഷിച്ചത്ര ധീരത കാട്ടാനായില്ല.എന്നാല്‍ 20 സീറ്റ്‌ നേടി മുസ്ലിം ലീഗ്‌ ചരിത്രം സൃഷ്ടിച്ചു.പാണ്ടിക്കടവത്ത്‌ കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ വീണ്ടും കേരള രാഷ്ട്രീയത്തിലെ പുലിക്കുട്ടിയായി.മലപ്പുറം കീഴടക്കാനുള്ള ചങ്കുറപ്പ്‌ കമ്മ്യൂണിസ്റ്റുകാര്‍ ഇനിയും നേടിയിട്ടില്ല എന്നു പ്രഖ്യാപിച്ച്‌ ഇടതന്മാര്‍ മലപ്പുറത്ത്‌ എട്ടു നിലയില്‍ പൊട്ടി.അതോടൊപ്പം മല പോലെ വന്ന സുഡാപ്പികളും മൌദൂദികളും എലി പോലെ പോയി.

ഒരു പക്ഷേ മലപ്പുറത്തുകാര്‍ക്ക്‌ വിജയം ഒരു മധുരപ്രതികാരമാണ്‌.കോപ്പിയടിച്ചാണ്‌ മലപ്പുറത്തെ പുലിക്കുട്ടികള്‍ പരീക്ഷ പാസാവുന്നതെന്നും റാങ്ക്‌ മേടിക്കുന്നതെന്നും പറഞ്ഞ കേരള മുഖ്യന്റെ പഴകിയ പ്രസ്താവന ഇന്നും മലപ്പുറത്തിന്റെ നെഞ്ചില്‍ കിടന്ന് നീറുന്നു,മലപ്പുറത്തിന്റെ ചുണക്കുട്ടികള്‍ ഇതിന്‌ മറുപടി നല്‍കിയത്‌ ഉത്തരക്കടലാസുകളിലൂടെയായിരുന്നു,എന്‍ട്രന്‍സിലും ബോര്‍ഡ്‌ പരീക്ഷകളിലുമെല്ലാം മാര്‍ക്ക്‌ വാങ്ങികൂട്ടിയതിന്‌ പിന്നാലെ ബാലറ്റിലൂടെയും മലപ്പുറത്തെ യുവത മറുപടി കൊടുത്തെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Tuesday, 10 May 2011

കാത്തിരിക്കുക..അടുത്ത ഉസാമക്കായി.....

വാര്‍ത്തകളില്‍ വീണ്ടും ഉസാമ നിറഞ്ഞു നില്‍ക്കുന്നു.പാക്കിസ്താനിലെ അബോട്ടാബാദില്‍ പാക്‌ മിലിട്ടറി കേന്ദ്രത്തിന്റെ മൂക്കിന്‍ കീഴില്‍ അഞ്ചു വര്‍ഷക്കാലമായി ലോകം പേടിച്ച ഭീകരന്‍ ജനലുകളില്ലാത്ത കൊട്ടാരത്തില്‍ ഒന്നു ഫോണ്‍ വിളിക്കാനോ "ഗൂഗിള്‍" ചെയ്യാനോ കഴിയാതെ ജീവിക്കുകയായിരുന്നുവത്രെ!ആര്‍പ്പു വിളികളും വാദ്യഘോഷങ്ങളുമായി അമേരിക്കന്‍ ജനതയും ലോക രാഷ്ട്രങ്ങളും മാധ്യമങ്ങളും ഉസാമ വധം കൊണ്ടാടി.സ്വന്തം രാജ്യത്തു കേറി ആക്രമിച്ചത്‌ അമേരിക്ക എന്ന വല്ല്യേട്ടനായത്‌ കൊണ്ട്‌ പാകിസ്താന്‍ ആ "തന്തക്ക്‌ വിളി" കേട്ടില്ലെന്നു നടിച്ചു.ഇനി ലോകത്ത്‌ സമാധാനത്തിന്റെ ദിനങ്ങളാണത്രെ!

09/11 നു തങ്ങളുടെ ഉടയവരെ നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിച്ചെന്നശ്വസിക്കാം .ലോകജനതക്ക് സമാധാനത്തിന്റെ പൂവാടികളില്‍ അഭിരമിക്കാം.പാകിസ്താന്‍ ഇനിഎന്ത് സംഭവിക്കും എന്ന ഉള്‍ക്കിടിലവുമായി തലക്ക് കൈകൊടുത്തിരിക്കാമ്.ഒബാമക്ക് ഇനിയൊരു തവണ കൂടി വൈറ്റ് ഹൌസില്‍ എത്തുമെന്നശിക്കാം. അല്‍ ഖാഇദക്ക് നാഥനെ നഷ്ടപ്പെട്ടതോര്‍ത്ത് ദുഖിക്കാം,പ്രതികാരത്തിന് കോപ്പ് കൂട്ടാം.അഫ്ഗാനിലും ഇറാഖിലും കഷ്ട്ടപ്പെടുന്ന അമേരിക്കന്‍ സൈനികര്‍ക്ക് ഇനിയെങ്കിലും പിറന്ന നാട്ടിലേക്ക് തിരിച്ചു പോകാമെന്നശ്വസിക്കാം.
എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്താന്‍ ഇനിയും ബിന്‍ ലാദന്‍മാര്‍ പിറവിയെടുക്കില്ലെന്നാരു കണ്ടു?


ആരാണു ഉസാമമാരെ പടച്ചു വിടുന്നത്‌?മീഡിയകള്‍ ഉത്തരം തരും-ചെറുപ്പത്തിലെയുള്ള മതവിദ്യാഭ്യാസവും യാഥാസ്ഥിതികമായ കുടുംബസാഹചര്യങ്ങളുമെന്ന്!മരണപ്പെട്ട ഉസാമയെ മിക്ക മാധ്യമങ്ങളും വിളിച്ചത്‌ കൊടും ക്രൂരനായ കുറ്റവാളി എന്നായിരുന്നില്ല,മറിച്ച്‌ "ജിഹാദി" എന്നും "ഇസ്ലാമിക തീവ്രവാദി" എന്നുമായിരുന്നു!ഡിസ്കവറി ചാനല്‍ ഉസാമ വധം പ്രമാണിച്ച്‌ പുറത്ത്‌ വിട്ട സ്പെഷല്‍ ഡോക്യുമെന്ററിയുടെ പേരിങ്ങനെ-"JIHAD-THE MEN AND IDEAS BEHIND AL-QAEDA" !!ജിഹാദെന്നാലെന്ത്‌ എന്ന് പല തവണ വിവരിച്ചാലും കണ്ണടച്ചിരുട്ടാക്കി "ബെടക്കാക്കി തനിക്കാക്കുന്ന" ഈ മാധ്യമ അജണ്ടയുടെ സ്പോണ്‍സര്‍മാര്‍ ആരാണെന്ന് അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവര്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.മനുഷ്യരെ കൊല്ലുന്നതാരാവട്ടെ-അത്‌ ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും അത്‌ കൊലപാതകമാണെന്ന് എന്നതല്ലാതെ അതിലേക്ക്‌ കൊന്നവന്റെ മതത്തെ വലിച്ചിഴക്കുന്ന പ്രവണതയെ നാം ജാഗ്രതയോടെ കാണേണ്ടതാണ്‌.ഈ പ്രവണത മുസ്ലിങ്ങളാണെങ്കില്‍ കൂടുന്നു എന്നാണ്‌ ഈ "ജിഹാദ്‌" പ്രയോഗങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്‌.ഉസാമയെക്കുറിച്ച്‌ കൂടുതല്‍ പഠിച്ചാല്‍ മനസ്സിലാകുന്ന,എന്നാല്‍ മാധ്യമങ്ങള്‍ സന്തോഷപൂര്‍വം വിസ്മരിച്ച ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ-അയാള്‍ ഒരിക്കലും ഒരു മതപണ്ഡിതനായിരുന്നില്ല,മറിച്ച്‌ ഉസാമ പടിച്ചത്‌ സാമ്പത്തിക ശാസ്ത്രവും ബിസിനസ്സും കൂടെ സിവില്‍ എഞ്ജിനീയറിങ്ങുമായിരുന്നു!ഒരു കാര്യം വ്യക്തം-മികച്ച മത വിദ്യാഭ്യാസത്തിന്റെ അഭാവമായിരുന്നു ഉസാമ എന്ന ഭീകരവാദിയെ സ്രഷ്ടിച്ചത്‌.

ഡ്യൂക്‌ യൂണിവേഴ്സിറ്റി നോര്‍ത്ത്‌ കരോലിന യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നു ഈയിടെ നടത്തിയ പഠനം പ്രകാരം അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതില്‍ ഇസ്ലാമിന്റെ പേരിലിള്ള ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം വെറും ആറ്‌ ശതമാനം മാത്രം!!എന്നാല്‍ യാഥാസ്ഥിതിക ജൂതവിഭാഗത്തിന്റെ പങ്ക്‌ 7 ശതമാനം!!അമേരിക്കക്ക്‌ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാകട്ടെ,ലാറ്റിനോ(42%) ഗ്രൂപ്പുകളും തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളും(24%)!!ഇവരുടെ ആദര്‍ശങ്ങളാകട്ടെ തീര്‍ത്തും ഭൌതികമാണ്‌ താനും.മതങ്ങളാണ്‌ ലോകത്ത്‌ അസമാധാനം സ്രഷ്ഠിക്കുന്നതെന്ന ഭൌതികവാദികളുടെ അവകാശവാദത്തിന്‌ കനത്ത തിരിച്ചടിയാണ്‌ എഫ്‌.ബി.ഐ യുടെ കണക്കുകള്‍ പ്രകാരമുള്ള ഈ റിപ്പോട്ട്‌.

ഏതായാലും ഉസാമയും സദ്ദാമുമെല്ലാം ലോകത്തോട്‌ സലാം പറഞ്ഞ്‌ സ്ഥലം വിട്ടു കഴിഞ്ഞു. തീവ്രവാദത്തിന്റെ പേരു പറഞ്ഞ്‌ തലേല്‍ കേറാന്‍ ഇനി ലോകമാധ്യമങ്ങള്‍ക്ക്‌ അവശേഷിക്കുന്നത്‌ മുല്ല ഉമറും സവാഹിരിയും പിന്നെ പേരു പറയാന്‍ കിട്ടാത്ത ചില "ലോക്കല്‍" തീവ്രവാദികളും മാത്രം. 24*7 ജിഹാദ്‌,ജിഹാദി,ജിഹാദിസ്റ്റ്‌ എന്നിങ്ങനെ വിളമ്പാനും കാര്‍ട്ടൂണ്‍ വരക്കാനുമെല്ലാം ഇവരുടെ ലീലാവിലാസങ്ങള്‍ പോരാ എന്നു മാധ്യമ മുതലാളിമാര്‍ക്ക്‌ നന്നായി അറിയാം.ഉസാമയെപ്പോലെ രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ഒരു വീഡിയോ പോലും ഇവന്മാര്‍ പുറത്ത്‌ വിടാറില്ല(ഛെ,തീവ്രവാദികള്‍ക്കു തന്നെ നാണക്കേട്‌!!). ഇനിയൊരു വഴിയേയുള്ളൂ-വീണ്ടും ഉസാമമാരെ പടച്ചുവിടുക-പണ്ട്‌ അമേരിക്ക സദ്ദാം ഹുസൈനിനെ വളര്‍ത്തിയ പോലെ-തിരിഞ്ഞ്‌ കടിച്ച്‌ ചോരയൂറ്റിക്കുടിച്ച്‌ ചീര്‍ക്കാന്‍-എന്നിട്ട്‌ വിഷം ചീറ്റാന്‍...

കാത്തിരിക്കുക....അടുത്ത ഉസാമ ബിന്‍ ലാദനു വേണ്ടി...........കമിംഗ്‌ സൂണ്‍!!


ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്‌ അശ്വസിക്കാം-അജ്മല്‍ കസബും അഫ്സല്‍ ഗുരുവും ബാക്കിയുണ്ടല്ലോ...............