Saturday, 30 April 2016

ചില പത്താം ക്ലാസ് ചിന്തകള്‍!

എനിക്ക് എന്റെ ജീവിതത്തില്‍ ഒരുപക്ഷെ ഏറ്റവും സന്തോഷവുംസംതൃപ്തിയും അനുഭവപ്പെട്ട ഒരുസന്ദര്‍ഭത്തെ സംബന്ധിച്ചാണ് എഴുതാന്‍ പോകുന്നത്!
ഐഐടി പഠനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് മൂന്നു മാസത്തെ വേനലവധി ആണ്! സ്വതവേ മടിയനായ ഞാന്‍ മിക്കാവാറും കെട്ടുകെട്ടി നാട്ടിലേക്ക് തിരിക്കും..ഫസ്റ്റ് ഇയര്‍ കഴിഞ്ഞ ആദ്യ വെക്കേഷനിലെ ആദ്യ പത്തു ദിവസം കൊണ്ട് തന്നെ ബോറടി തുടങ്ങി! ഒറ്റക്ക് ബോറടി സഹിക്കാന്‍ കഴിയാതെ കുറച്ചു പേരെ കൂടി കൂടെ ബോറടിപ്പിക്കാനാണ് സലിം സാറിന്റെ ടുഷ്യന്‍ സെന്ററില്‍ പത്താം ക്ലാസുകാര്‍ക്ക് ക്ലാസെടുക്കാന്‍ പോവാന്‍ തുടങ്ങിയത്!നാലഞ്ച് വര്ഷം ഈ പരിപാടി തുടര്‍ന്നു!
ഉദ്ദേശം മൂന്നു വര്‍ഷം മുന്‍പാണ് എന്ന് തോന്നുന്നു- ഞാന്‍ പ്ലസ് ടു പഠിച്ച എടരിക്കോട് പികെഎംഎം സ്കൂളിനു സമീപം ഒരു ചെറിയ സെന്ററില്‍ കെമിസ്ട്രി പഠിപ്പിക്കാന്‍ പോയി. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷക്ക് ഇരിക്കുന്ന ഒരു മഹാ വിദ്യാലയം! ഇംഗ്ലീഷ് അക്ഷരമാലയില്‍ 26 അക്ഷരങ്ങള്‍ മാത്രമേ ഉള്ളൂ എന്നതിനാലും ഡിവിഷനുകള്‍ക്ക് A,B,C,D ഇട്ടാണ് കീഴ്വഴക്കം എന്നതിനാലും 27 മുതല്‍ അങ്ങോട്ടുള്ള ഡിവിഷനുകള്‍ക്ക് എന്ത് പേരിടും എന്നാലോചിച്ചു തല പുണ്ണ്‍ക്കുന്ന മാനെജ്മന്റ്റ്‌(ഇത്തവണ 2347 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി... 99.5% വിജയം..അഭിനന്ദനങ്ങള്‍!)
അല്ലെങ്കിലും മലയാളം മീഡിയം സ്കൂളുകളിലെ ഡിവിഷനുകള്‍ക്ക് എന്തിനാ ഇംഗ്ലീഷ് പേര് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്! പത്ത്-അ, പത്തു-ആ, പത്ത്-ഇ ... തുടങ്ങി പത്ത്-ഴ വരെ ആകാം! സ്വരം, വ്യഞ്ജനം, ചില്ല് തുടങ്ങി പല ഐറ്റങ്ങള്‍ ഉണ്ടായത് കൊണ്ട് തീര്‍ന്നു പോകുന്ന പ്രശ്നവും വരില്ല...ആവശ്യമെങ്കില്‍ ക്ര, ക്രാ,ക്രി,ക്രീ ഒക്കെ എടുത്ത്പയറ്റാം!!
ക്ലാസില്‍ ഉള്ളത് കുറച്ചു കുട്ടികള്‍ മാത്രമാണ്. അതും സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്ന് വരുന്നവര്‍. വിഷയം കെമിസ്ട്രി..അല്ല-രസതന്ത്രം(മലയാളം മീഡിയം)!
ഒരു ഐഐടിക്കാരന്റെ ലേശം അഹങ്കാരത്തോടെ യാതൊരു തയ്യാറെടുപ്പുമില്ലാതെ ക്ലാസിലേക്ക് കയ്യുംവീശി ചെന്ന എനിക്ക് പാടപുസ്തകം
കണ്ടപ്പോള്‍ തല ചുറ്റല്‍ അനുഭവപ്പെട്ടു!ദ്രവ്യം,ഖരം, ബാഷ്പീകരണം,ലംബം,തന്മാത്ര...പടച്ചോനേ!
ഒരുവിധം ഞാനും സംഗതികളുമായി സമരസപ്പെട്ടു വന്നു! ക്ലാസെടുത്ത്, ബടായി പറഞ്ഞ്, പരീക്ഷ നടത്തി അങ്ങനെ രസകരമായി മുന്നോട്ട് പോകുന്നു..
ഞാന്‍ അവധി കഴിഞ്ഞു തിരിച്ചു പോകാനൊരുങ്ങുന്ന അവസാന ദിവസങ്ങളില്‍ ഒന്ന്...ഒരു പയ്യന്‍ വളരെ സന്തോഷത്തോടെ എന്റെ അടുക്കല്‍ കയ്യില്‍ ഒരു പേപ്പറുമായി ഓടിവന്നു! "സാറേ, എനിക്ക് സ്കൂളിലെ കെമിസ്ട്രി യൂനിറ്റ് ടെസ്റ്റില്‍ ഫുള്‍ മാര്‍ക്ക് കിട്ടി".. ഞാന്‍ ഒരു നിമിഷം അന്തം വിട്ടു പോയി- ഒരു പാഠം മാത്രം വെച്ച് നടത്തിയ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയതില്‍ എന്താ ഇത്രമാത്രം ചാടിക്കളിക്കാന്‍!"സാറേ, ആദ്യമായിട്ടാ എനിക്കൊരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്ക് കിട്ടുന്നത്! സാര്‍ കാരണമാ എനിക്കിത് കിട്ടിയത്!" ലോകം ജയിച്ചടക്കിയ പ്രതീതിയില്‍ അവന്‍ പറഞ്ഞു.
അവന്‍ പോയ ശേഷം മറ്റൊരു പയ്യന്‍ പറഞ്ഞത്," സാറേ,, അവനെ ചില കാരണങ്ങളാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതായിരുന്നു! പിന്നീട് അവന്റെ ഉമ്മ വന്ന് കരഞ്ഞു പറഞ്ഞിട്ടാണ് അവനെ തിരിച്ചെടുത്തത്!"
മനസ്സില്‍ എവിടെയോ ഒരു നനവ് അനുഭവപ്പെട്ടു!
"സാറേ, ആദ്യമായിട്ടാ എനിക്കൊരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്ക് കിട്ടുന്നത്! സാര്‍ കാരണമാ എനിക്കിത് കിട്ടിയത്!"
വേനല്‍ ചൂടിലും വാക്കുകള്‍ മനസ്സില്‍ പേമാരിയായി പെയ്തിറങ്ങുന്നു! പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തു തന്ന മാതാപിതാക്കള്‍, വായിച്ച ഗൈഡുകള്‍,പോയ ടുഷ്യന്‍ ക്ലാസുകള്‍- പത്താം ക്ലാസില്‍ ഞാന്‍ നേടിയ എ പ്ലസുകള്‍ എനിക്ക് അപ്രസക്തമായി അനുഭവപ്പെട്ടു, എൻട്രൻസ് പരീക്ഷയിലെ ഒറ്റയക്ക റാങ്കുകൾ നിഷ്പ്രഭമായി.. ഒരുപക്ഷെ ജീവിതത്തില്‍ അന്ന് വരെ ഒരിക്കലും മറ്റൊരാള്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയതിന്റെ പേരില്‍ മനസ്സ് തുറന്നു ചിരിചിട്ടില്ലാത്ത ഞാന്‍ ആദ്യമായി അവന്റെ 20 മാര്‍ക്കിനാല്‍ മനസ്സ് നിറഞ്ഞു കരഞ്ഞു! അവന്റെ വിജയം എന്റെ കൂടി വിജയമായി മാറുകയായിരുന്നു!
ഒരുപക്ഷെ പുറത്തു നിന്ന് വീക്ഷിക്കുന്ന ഒരാള്‍ക്ക് ഇതൊരു ചെറിയ കാര്യമായി തോന്നിയേക്കാം! ഒരുപക്ഷെ ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങള്‍ ആയിരിക്കും ബോറടിപ്പിക്കുന്ന ആവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവിതത്തെ ആനന്ദഭരിതവും അര്‍ത്ഥപൂര്‍ണവുമാക്കുന്നത്...
അവന്‍ ഇപ്പോള്‍ എവിടെ എന്നറിയില്ല... പേര് ഓര്‍മയില്ല... എന്നാലും പ്രിയപ്പെട്ട അനിയാ, നിന്റെ വാക്കുകളാണ് വര്‍ഷങ്ങള്‍ക്കപ്പുറം ഇന്നും മനസ്സില്‍ കുളിര്‍മഴപെയ്യിക്കുന്നത്..
പത്താംക്ലാസ് പരീക്ഷയില്‍ നന്നായി പഠിച്ചു മാര്‍ക്ക് നേടിയ എല്ലാകൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.. നിങ്ങളുടെ വിജയങ്ങള്‍ നിങ്ങളുടെത് മാത്രമല്ല-- അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂടിയാണ്! വിജയങ്ങളില്‍ അഹങ്കരിക്കാതിരിക്കുക.. കുഞ്ഞുകവിയായ മാഷ്‌ പാടിയത് ഓര്‍മയില്ലേ? "കനമേറുംതോറും കുല താഴ്ന്നുവരേണം"!
ഈ നശ്വരമായ ജീവിതത്തില്‍ ഇനിയും ഒരു പുതിയ വേഷമിടാന്‍ ആഗ്രഹം തോന്നുന്നെങ്കില്‍ അതൊരു അധ്യാപകന്റെതാണ്! ഞാനൊരു നല്ല അധ്യാപകനാണ് എന്ന തോന്നല്‍, നീ എന്റെ മനസ്സിന്റെ കോണിലെവിടെയോ നിക്ഷേപിച്ചിരിക്കുന്നു!

No comments:

Post a Comment