Saturday, 30 April 2016

രക്തം പൊടിഞ്ഞ കാര്‍ട്ടൂണ്‍

പണ്ട് എം പി പോള്‍ എഴുതി:" ബാല്യകാലസഖി ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടാണ്, വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു!"
കുടുകുടെ മലയാളിയെ ചിരിപ്പിച്ച ഒരുപാട് സാഹിത്യങ്ങള്‍ ഉണ്ടായിട്ടും ബോബന്റെയും മോളിയുടെയും കുസൃതികള്‍ മലയാളി നെഞ്ചോട്‌ ചേര്‍ത്തു വെക്കാന്‍ കാരണം ഒരുപക്ഷെ ഇത് തന്നെയായിരിക്കും.. കണ്ണീരില്‍ കുതിര്‍ന്ന ചിരിയായിരുന്നു മലയാളത്തിന്റെ വാള്‍ട്ട് ഡിസ്നി ആയ ടോംസ് സഹൃദയര്‍ക്ക് സമ്മാനിച്ചത്! ചിരിയുടെ മാലപ്പടക്കങ്ങളില്‍ പൊട്ടിച്ചിതറിയത് പട്ടിണിയുടെ,തൊഴിലില്ലായ്മയുടെ,അവഗണനകളുടെ വേദനകളായിരുന്നു!
കാലം മാറി..വരകള്‍ക്ക് നിറം വെച്ചു...ജീവിതത്തിലേക്ക് മായാവിമാരും മാജിക് മാലുമാരും കടന്നു വന്നു! ഭാഷ കടന്ന് ശുപ്പാണ്ടിയും കടല്‍ കടന്ന് ഡിസ്നി കഥാപാത്രങ്ങളും എത്തി! പിടിച്ചു നില്‍ക്കാന്‍ മായവിക്കും ലുട്ടാപ്പിക്കും ജെട്ടി ഒഴിവാക്കി കുപ്പായമിടെണ്ടി വന്നു.. അപ്പോഴും കറുത്തനിറത്തിലെ ചില കുത്തിവരകള്‍ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ടേയിരുന്നു..
കാരണം ചുറ്റിനും തിരിഞ്ഞു നോക്കിയപ്പോള്‍ മലയാളികള്‍ കണ്ടത് കുട്ടൂസനെയും വിക്രമനെയും ലൊട്ടുലോടുക്കിനെയും ആയിരുന്നില്ല...മറിച്ചു ആശാനെയും ചേട്ടനെയും ചേട്ടത്തിയെയും അപ്പിഹിപ്പിയെയും വക്കീലിനെയുമായിരുന്നു!
കഥാപാത്രങ്ങളെ നാം വായിക്കുന്നതിനു പകരം, നമ്മളായിരുന്നു ടോംസിന്റെ കഥാപാത്രങ്ങള്‍! അമരത്വം കാംക്ഷിക്കുന്ന മനുഷ്യന് നിത്യബാല്യം പേറുന്ന ബോബനും മോളിയും എന്നും ആശയും ആവേശവും ആശ്വാസവുമായിരിക്കും!

No comments:

Post a Comment