Wednesday, 15 June 2011

സാല്‍മണ്‍ മത്സ്യങ്ങള്‍-അത്ഭുതങ്ങളിലെ മഹാത്ഭുതം!!

വടക്കേഅമേരിക്കയില്‍ ജീവിക്കുന്ന സാല്‍മണ്‍ മത്സ്യങ്ങളെക്കുറിച്ച്‌ കേട്ടിട്ടില്ലേ?ശുദ്ധജല തടാകങ്ങളില്‍ ജനിച്ച്‌ സമുദ്രത്തില്‍ ജീവിച്ച്‌ ശുദ്ധജല തടാകങ്ങളില്‍ ജീവിതമവസാനിപ്പിക്കുന്ന ഇവയുടെ ജീവിത ചക്രം അത്ഭുതം തന്നെ!

ശുദ്ധജലതടാകങ്ങളിലും നദികളിലും മുട്ട വിരിഞ്ഞ്‌ ജനിക്കപ്പെടുന്ന ഇവ,പിന്നീട്‌ ഉപ്പുജലമുള്ള സമുദ്രങ്ങളിലേക്ക്‌ യാത്രയാവുകയാണ്‌....അവിടെ വെച്ചാണ്‌ ഇവര്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത്‌...ഉദ്ദേശം ഏഴ്‌ വര്‍ഷത്തിനു ശേഷം ഇവ വീണ്ടും ശുദ്ധജല തടാകങ്ങളിലേക്കു തിരിച്ച്‌ പോകുന്നു.ഇവിടെ വെച്ച്‌ മുട്ടയിടുന്നു.ആണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഇവക്കു കാവല്‍ നില്‍ക്കുന്നു.

കുഞ്ഞുങ്ങള്‍ ജനിച്ച്‌ ഒരാഴ്ചക്കകം സാല്‍മണ്‍ മത്സ്യങ്ങള്‍ മരിച്ച്‌ വീഴുന്നു-സാല്‍മണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ വളരാനുള്ള സമ്പുഷ്ടമായ സാഹചര്യം ഇവ മരിക്കുന്നതോടെ ജലത്തില്‍ ഉണ്ടാവുന്നു എന്നത്‌ ശ്രദ്ധേയമാണ്‌!!.സാല്‍മണ്‍ കുഞ്ഞുങ്ങള്‍ വീണ്ടും യാത്ര തുടങ്ങുകയാണ്‌-ഉപ്പുജലത്തിലേക്കെന്നു മാത്രമല്ല-തങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ച അതേയിടത്തേക്ക്‌!!

ചിന്തിക്കുക സോദരരേ,ആരാണിവക്കു വഴി കാണിച്ച്‌ കൊടുക്കുന്നത്‌?

"തീര്‍ച്ചയായും ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ്ടിയിലും,രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌. നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടേയും ഭൂമിയുടേയും ശ്രിഷ്ടിയെപ്പട്ടി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.(അവര്‍ പറയും:)ഞങ്ങളുടെ രക്ഷിതാവേ,നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്ണീ എത്രയോ പരിശുദ്ധന്‍!അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കേണമേ"(ഖുര്‍ആന്‍,3:190,191)

Sunday, 5 June 2011

"ജീവിതം ഒരനുഗ്രഹമാണ്‌" ???

"ജീവിതം ഒരനുഗ്രഹമാണ്‌" എന്നെഴുതിയത്‌ മലയാളത്തിന്റെ പ്രിയ കഥാകാരനായ വൈക്കം മുഹമ്മദ്‌ ബഷീറാണ്‌.കേള്‍ക്കുന്നവര്‍ക്ക്‌ മനസ്സില്‍ ചോദ്യമുയര്‍ന്നേക്കാം-ജീവിതം ഒരനുഗ്രഹമാണോ?.കടക്കണി മൂലം ഒരു മുഴം കയറില്‍ ജീവിതമൊടുക്കുന്നവര്‍,ഒരു നേരത്തെ പശിയടക്കാന്‍ കഷ്ടപ്പെടുന്നവര്‍,അംഗവൈകല്യം ബാധിച്ചവര്‍,ബോംബുകള്‍ക്കും എ.കെ 47 ഉകള്‍ക്കും ഗ്രനേഡുകള്‍ക്കും നടുവില്‍ ഭയമൊടുങ്ങാത്ത മനസ്സുമായി കണ്ണുകളില്‍ ഭീതിയൊളിപ്പിക്കുന്നവര്‍,മാതൃസ്നേഹം നുകരാന്‍ ഭാഗ്യമില്ലാത്തവര്‍,ജീവിത സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും നക്ഷത്രങ്ങളിലേക്ക്‌ നോക്കി ഹതഭാഗ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്നവറെന്നിട്ടും ,ഒരു പക്ഷെ മലയാള സാഹിത്യത്തില്‍ സ്വാനുഭവങ്ങള്‍ വരച്ചിടുന്നതില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ പറയുന്നു-"ജീവിതം ഒരനുഗ്രഹമാണ്‌"!

കഴിഞ്ഞ മെയ്‌ 4ന്‌ ചെന്നൈ നഗരത്തില്‍ നിന്ന് വീട്ടിലേക്ക്‌ പോകാനായി ട്രെയ്നില്‍ കയറിയിരിക്കുന്നു.'ബീപ്‌' ശബ്ദം കേട്ട്‌ മൊബൈലില്‍ വന്ന മെസ്സേജ്‌ വായിച്ച്‌ ഞാന്‍ ഒരു വേള സ്തബ്ധനായി-"സ്വാമി" ആത്മഹത്യ ചെയ്തിരിക്കുന്നു!എന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന,എന്‍ജിനീറിംഗ്‌ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായ നിതിന്‍ കുമാര്‍ റെഡ്ഡി എന്ന സ്വാമി ഒരു മുഴം കയറില്‍ തന്റെ ആശകളും ആശങ്കകളും അവസാനിപ്പിച്ചിരിക്കുന്നു.ഐഐടി മദ്രാസില്‍ രണ്ട്‌ മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ-ഫൈനല്‍ ഇയര്‍ പ്രൊജക്ട്‌ ആറു മാസം നീട്ടിയതിനാല്‍ കാമ്പസ്‌ പ്ലേസ്മന്റ്‌ വഴി ലഭിച്ച ജോലി നഷ്ടപ്പെടുമെന്ന ഭീതിയാണത്രെ സ്വാമിയുടെ മനസ്സു തകര്‍ത്തത്‌!ഒരു മാസം മുന്‍പ്‌ ഐഐടി കാണ്‍പൂരില്‍ ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി ഒരു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ വാര്‍ത്ത വീണ്ടും മനസ്സില്‍ നിറഞ്ഞു.ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ വിട്ട്‌ മാംഗ്ലൂര്‍ മെയ്‌ല്‍ അപ്പോഴേക്കും കൂകിപ്പാഞ്ഞ്‌ തുടങ്ങിയിരുന്നു.ജീവിതം ഒരനുഗ്രഹമാണോ?

അഞ്ചക്ക ശമ്പളവും ഉന്നത സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളും ലക്ഷ്യമാക്കിയുള്ള ഒരോട്ടം-അതായിത്തീര്‍ന്നിരിക്കുന്നു ഇന്നു ജീവിതം!അങ്ങനെയെങ്കില്‍ ഇത്തരക്കാര്‍ ജീവിതമൊടുക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.മനുഷ്യവികാരങ്ങള്‍ക്ക്‌ പകരം കൊടുക്കാനാകാത്ത നോട്ടുകെട്ടുകള്‍ക്കും ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക്‌ മുന്‍പില്‍ പലപ്പോഴും കാല്‍ക്കാശിന്‌ കൊള്ളാതാകുന്ന കടലാസുകൂട്ടങ്ങള്‍ക്കും മാത്രം വിലകാണുന്ന ഒരു സമൂഹമാണ്‌ ഈ ഭൂമിയില്‍ വളര്‍ന്നു വരുന്നത്‌ എന്ന വ്യക്തമായ സൂചനകളല്ലേ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌.ഇവര്‍ക്ക്‌ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടോ?-കാരണം ജീവിതം ഒരനുഗ്രഹമല്ലേ?

ചിരിച്ച്‌ കളയാനോ കരഞ്ഞ്‌ തീര്‍ക്കാനോ ഉള്ളതല്ല-മറിച്ച്‌ ജീവിക്കാനുള്ളതാണ്‌ ജീവിതം-എങ്കിലല്ലെ "ജീവിക്കുക" എന്ന വാക്കിന്‌ ഒരര്‍ഥമുണ്ടാകൂ.അസംഭവ്യതയുടെ അനന്ത വിഹായസ്സുകള്‍ തുറന്ന് അറിവിന്റെ ഔന്നിത്യങ്ങള്‍ കീഴടക്കുമ്പോഴും തിരിച്ചറിവില്ലായ്മയുടെ പാഴ്ചെളിക്കുണ്ടിലാകുന്നു മാനവ സമൂഹം.എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ശ്രമത്തില്‍ തന്നെത്തന്നെ കണ്ടെത്താന്‍ മറന്നു പോകുന്ന മനുഷ്യന്‍!തന്റെ അശ്വമേധം താരാപഥങ്ങള്‍ കീഴടക്കുമ്പോള്‍ താഴെ കാലുറപ്പിക്കാന്‍ ഭൂമിയില്ലെന്ന് മറക്കുകയാണ്‌. തന്നെ സൃഷ്ടിച്ചവനായ തന്റെ രക്ഷിതാവിനെ മറക്കുന്ന മനുഷ്യാ,എന്നും ഓര്‍മയില്‍ സൂക്ഷിക്കുക-ജീവിതം ഒരനുഗ്രഹമാണ്‌-സെക്കന്റ്‌ ചാന്‍സുകളില്ലാത്ത,തിരുത്തലുകളില്ലാത്ത ഒരു മഹത്തായ അനുഗ്രഹം!

Thursday, 2 June 2011

മഴ

പരമകാരുണികന്റെ മഹത്തായ കാരുണ്യമായി ഇതാ വീണ്ടും ഒരു മഴക്കാലം കൂടി വന്നെത്തിക്കഴിഞ്ഞു.കടുത്ത വേനല്‍ ചൂടിന്‌ ശേഷം ശരീരത്തിനും മനസ്സിനും കുളിര്‍മയേകി ഒരു മഴ.

"തന്റെ കാരുണ്യത്തിന്റെ മുന്‍പില്‍ സന്തോഷ സൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ,ആകാശത്തു നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിനു അതു മുഖേന നാം ജീവന്‍ നല്‍കാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത്‌ കുടിപ്പിക്കുവാനും വേണ്ടി.അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത്‌(മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു.എന്നാല്‍ മനുഷ്യരില്‍ അധിക പേര്‍ക്കും നന്ദികേട്‌ കാണിക്കാനല്ലാതെ മനസ്സു വന്നില്ല."(സൂറത്തുല്‍ ഫുര്‍ഖാന്‍)

മഴയെ അയച്ച നാഥനെ സ്തുതിക്കുക.കരിഞ്ഞു പോയ സസ്യജാലങ്ങള്‍ വീണ്ടും പൂത്തു തളിര്‍ത്തു ഫലം തരുന്നത്‌ പോലെ മണ്ണിനാല്‍ ഭക്ഷിക്കപ്പെടുന്ന നാമോരോരുത്തരും ഒരു ദിവസം പുനരുജ്ജീവിപ്പിക്കപ്പെടും എന്നോര്‍ക്കാനുള്ള സന്ദര്‍ഭമാകുന്നു ഇത്‌!സര്‍വശക്തന്റെ മഹത്തായ കാരുണ്യം ആസ്വദിക്കുമ്പോള്‍ നാം നമ്മുടെ കാരുണ്യത്തിന്റെ വാതായനങ്ങള്‍ സഹജീവികള്‍ക്കായി തുറന്നു കൊടുക്കുക."

മുഹമ്മദ്‌ നബി(സ) പറഞ്ഞു:"ഭൂമിയിലുള്ളവരോട്‌ നിങ്ങള്‍ കരുണ കാണിക്കുക,ആകാശത്തുള്ളവന്‍ നിങ്ങളോട്‌ കരുണ കാണിക്കും".അല്ലാഹു അനുഗ്രഹിക്കട്ടെ...